മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരിക്കും അന്വേഷണച്ചുമതല.
ഷുഹൈബ് കേസിലെ ഗുഢാലോചന ആന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. . മറക്ക് പിന്നില്‍ ആളുണ്ട് എന്ന ഗൗരവകരമായ പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അന്വേഷണ സംഘത്തിന്റെ കൈകെട്ടിയതായി തോന്നുന്നു. യുഎപിഎ ചുമത്തേണ്ട കേസാണിതെന്ന് തോന്നുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
യുഎപിഎ ചുമത്തേണ്ട ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സിബിഐ അന്വേഷണത്തെയും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ കോടതി ഉന്നയിച്ചത്. വധക്കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിയെ കൈയില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥയാണെന്നും ആരാണ് ഇതിന്റെ പിന്നിലെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. ഇതിനെയും കോടതി വിമര്‍ശിച്ചു.
കേസ് പരിഗണിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണോ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉന്നയിക്കാതിരുന്ന വാദമാണ് സര്‍ക്കാര്‍ ഇന്ന് ഉയര്‍ത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും സിബിഐ വ്യക്തമാക്കി.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പൊലീസിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഷുഹൈബിനെ കൊലചെയ്യാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാത്തതിനായിരുന്നു കോടതി പൊലീസിനെ വിമര്‍ശിച്ചത്. കൊലചെയ്യപ്പെട്ട ശേഷമുള്ള ഷുഹൈബിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ കോടതി ഒരു മനുഷ്യനോട് ഇങ്ങനെയൊക്കെ കാണിക്കാമോ എന്നും ചോദിച്ചിരുന്നു.
Discussion about this post