ലിംഗായത്തുകാര്‍ക്ക് പ്രത്യേക മത പദവി നല്‍കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. കര്‍ണാടകയുടെ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചതിന് ശേഷം കര്‍ണാടകയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
മത സൗഹാര്ദത്തിനെപ്പറ്റി രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ തന്നെ സിദ്ധരാമയ്യ കര്‍ണാടകത്തിലെ ഹിന്ദുക്കളെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ വടക്ക്-തെക്ക് എന്ന രീതിയില്‍ വിവേചിക്കുന്നു എന്ന ആരോപണത്തിനെതിരെയും അദ്ദേഹം സംസാരിച്ചു. 13ാം ധനകാര്യ കമ്മീഷനില്‍ കര്‍ണാടകയക്ക് 88,000 കോടി രൂപയും 14ാം ധനകാര്യ കമ്മീഷനില്‍ കര്‍ണാടകയക്ക് 2 ലക്ഷം കോടി രൂപയും നല്‍കിയിരുന്നു.
കര്‍ഷകര്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ തൃപ്തരല്ലായെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കര്‍ണാടകത്തില്‍ ഭരണത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കേര കര്‍ഷകര്‍ക്ക് വേണ്ടി ഒരു അന്താരാഷ്ട്ര ഗവേഷണ സ്ഥാപനം സ്ഥാപിക്കുമെന്ന് ബി.ജെ.പി തങ്ങളുടെ പ്രകടനപത്രികയില്‍ പ്രസിദ്ധീകരിക്കും. ബി.ജെ.പി രഹിത സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യാ നിരക്ക് കൂടുതലാണെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യകള്‍ വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദവും മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടാതെ മുഖ്യമന്ത്രി സിദ്ധരാമയ്യ ധരിക്കുന്ന 40 ലക്ഷം രൂപയുടെ ആഡംബര വാച്ചിനെപ്പറ്റിയും അമിത് ഷാ പരാമര്‍ശിച്ചു.
Discussion about this post