മഞ്ചേശ്വരം കള്ളവോട്ട് കേസില്‍ എല്‍.ഡി.എഫും യു.ഡി.എഫും സാക്ഷികളെ തടഞ്ഞ് വെക്കുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ കേസ് പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കള്ളവോട്ട് നേടിയാണ് എം.എല്‍.എയായിരുന്ന അബ്ദുള്‍ റസാഖിന്റെ വിജയമെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന് ഹര്‍ജി നല്‍കിയിരുന്നത്.
നിലവില്‍ 67 സാക്ഷികളാണ് കോടതിയില്‍ ഹാജരാകാനുള്ളത്. എന്നാല്‍ ഇവരെ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഭീഷണിപ്പെടുത്തി തടഞ്ഞ് വച്ചിരിക്കുകയാണെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. ഇവരെ സ്വതന്ത്രമായി കോടതിയില്‍ ഹാജരാക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് മുസ്ലീം ലീഗിനെ സി.പി.എം ഈ വിഷയത്തിലും സഹായിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സാക്ഷികളെ തടഞ്ഞ് വെക്കുന്നത് അവസാനിപ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം കേസ് തീര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post