വര്‍ക്കല ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനവേദിയില്‍ ശിവഗിരി മഠം സന്യാസിമാരെ വിമര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് വേദിയില്‍ വച്ച് തന്നെ മറുപടി നല്കി മഠത്തിലെ സ്വാമി ശാരദാനന്ദ.ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു മന്ത്രിയും സ്വാമിമാരും കോര്‍ത്തത്. മന്ത്രിയ്ക്ക് മുമ്പ് സംസാരിച്ച സ്വാമി വിശുദ്ധാനന്ദ പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപി നേതാവ് അമിത് ഷായും പുകഴ്ത്തിയതാണ് കടകംപള്ളി സുരേന്ദ്രനെ ചൊടിപ്പിച്ചത്.
മഠത്തിലെ സന്യാസിമാരുടെ സങ്കുചിത രാഷ്ട്രീയ താത്പര്യം ആശാവഹമല്ലെന്നായിരുന്നു മന്ത്രിയുടെ പ്രസംഗത്തിലെ വിമര്‍ശനം.ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിനായി കേരളം നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള ടൂറിസത്തെ അവഗണിച്ച് ഐടിഡിസിക്ക് നിര്‍വഹണ ചുമതല നല്‍കിയത് കേന്ദ്ര സംസ്ഥാന ബന്ധത്തെ മോശമാക്കുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
എന്നാല്‍ കടകംപള്ളിയുടെ പ്രസംഗം കഴിഞ്ഞതിനുപിന്നാലെ സ്വാമി ശാരദാനന്ദ മന്ത്രിക്ക് മറുപടി നല്കി. ഗൂഢനീക്കങ്ങള്‍ സന്യാസിമാരുടെ രീതിയല്ലെന്നും ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്നുമായിരുന്നു സ്വാമി ശാരദാനന്ദ പ്രസംഗത്തില്‍ പറഞ്ഞു.ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് ഐ ടി ഡി സിയെ ഏല്പിക്കാന് സംഘത്തിന് താല്പര്യമുണ്ടായിരുന്നു. കേന്ദ്രത്തെ അതിനായി സമീപിച്ചിരുന്നു. അതിനെ ഗൂഢലക്ഷ്യമായി വ്യാഖ്യാനിക്കേണ്ടെന്ന് സ്വാമി ശാരദാനന്ദ വ്യക്തമാക്കി. മഠത്തിന് രാഷ്ട്രീയ സങ്കുചിത താല്‍പര്യങ്ങളില്ലന്നും ശ്രീനാരായണ ധര്‍മ്മ സംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ പറഞ്ഞു
ഇതോടെ ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ആരോപണ പ്രത്യാ- രോപണങ്ങള്ക്കും വേദിയാവുകയായിരുന്നു.
ശിവഗിരി തീര്‍ത്ഥടന ദിവസം വനിതാ മതില് സംഘടിപ്പിച്ചത് തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണെന്ന വിമര്‍ശനം നേരത്തെ ശിവഗിരി മഠം ശക്തമായി ഉയര്‍ത്തിയിരുന്നു. എ്തിനാണ് ഇത്തരമൊരു മതില് എന്നും മഠം സന്യാസിമാര്‍ ചോദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരുമായും, ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമാണ് ശിവഗിരി മഠത്തിനുള്ളത്. ഇത് വേദിയില്‍ തുറന്നു പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
കേന്ദ്രസര്‍ക്കാരിനെതിരെയും കടകംപള്ളി വിമര്‍ശനം ഉന്നയിച്ചു. പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ കേന്ദ്രം ബൈപ്പാസ് ചെയ്യുന്നത് കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുമെന്നും കടകംപള്ളി പറഞ്ഞു.
രാവിലെ ഒമ്പത് മണിയോടെയാണ് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതിനുശേഷം തീര്‍ഥാടന സര്‍ക്യൂട്ടിനെ സംബന്ധിച്ച് വിശദീകരിച്ചു. പദ്ധതി കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ വേണ്ടിയാണ് ഐ.ടി.ഡി.സിയെ ഏല്‍പ്പിച്ചതെന്നും സംസ്ഥാനവുമായി സഹകരിച്ചുപോകാനാണ് കേന്ദ്രത്തിന്റെ താത്പര്യമെന്നും കണ്ണന്താനം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി പദ്ധതിയുടെ മേല്‍നോട്ടം വഹിക്കണമെന്നും കണ്ണന്താനം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി കേന്ദ്രത്തിന്റേതാണെന്നും അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നും ഇന്നലെ അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചിരുന്നു. പദ്ധതി ഉദ്ഘാടനം അറിയിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം പൊളിച്ച് താന്‍ നല്കിയ കത്ത് അദ്ദേഹം പുറത്തുവിടുകയും ചെയ്തു.
Discussion about this post