മോദി സര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത്. ഗംഗാ നദിയുടെ ശുചീകരണത്തിലും ദേശീയപാതകളുടെ വികസനത്തിലും മോദി സര്‍ക്കാര്‍ വിജയിക്കുന്നുവെന്ന് ചിദംബരം വിലയിരുത്തി. ചിദംബരം എഴുതിയ ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ചിദംബരത്തിന്റെ വിലയിരുത്തല്‍.
യു.പി.എ സര്‍ക്കാര്‍ നിര്‍മ്മിച്ചതിനെക്കാള്‍ കൂടുതല്‍ കിലോമീറ്റര്‍ ദേശീയ പാത ഓരോ മണിക്കൂറിലും ബി.ജെ.പി സര്‍ക്കാര്‍ നിര്‍മ്മിച്ചുവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ‘ദേശീയപാത വികസനത്തിന് മോദി സര്‍ക്കാര്‍ അര്‍ഹിക്കുന്ന അംഗീകരാം നമ്മള് നല്‍കണം,’ ചിദംബരം പറഞ്ഞു. വരാനിരിക്കുന്ന സര്‍ക്കാര്‍ ഇതിലും കൂടുതല്‍ ദേശീയ പാത വികസനം നടത്തുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗംഗാ നദി ശുചീകരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ കഠിന പ്രയത്നം ചെയ്യുന്നുണ്ടെന്ന് ചിദംബരം പറഞ്ഞു. ‘5 തവണ ഗംഗാ നദി വൃത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ എല്ലാ തവണയും ഞങ്ങള്‍ പരാജയപ്പെട്ടു. മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു,’ ചിദംബരം പറഞ്ഞു.
ഇത് കൂടാതെ മോദി സര്‍ക്കാര്‍ നടത്തുന്ന ജന്‍ ധന് പദ്ധതിയെയും ചിദംബരം പ്രശംസിച്ചു. യു.പി.എ സര്‍ക്കാര്‍ 34 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയപ്പോള്‍ ജന്‍ ധന് പദ്ധതി വഴി 35 കോടി ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം യു.പി.എ സര്‍ക്കാരാണ് ആധാര്‍ പദ്ധതി കൊണ്ടുവന്നതെന്നും ഈ പദ്ധതി മോദി സര്‍ക്കാര്‍ തള്ളിക്കളഞ്ഞില്ലെന്നും ചിദംബരം പറഞ്ഞു. എന്നാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനം ജനങ്ങളുടെ മേലുള്ള ദ്രോഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ജി.എസ്.ടിയുടെ നടത്തിപ്പും മോശമായ രീതിയിലാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post