കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ കക്ഷി ഭരണത്തിൽ അതൃപ്തി തുടരുന്നുവെന്ന സൂചനകളുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ‘പുറത്തുനിന്നു നോക്കുന്നവർക്കു ഞാൻ മുഖ്യമന്ത്രിയാണ്. എന്നാൽ ദിവസവും വേദനയിലൂടെയാണു കടന്നുപോകുന്നത്. വേദന പുറത്തു പറയാനും കഴിയില്ല . കാരണം അതു പറഞ്ഞാൽ ആരാണു ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക’– കുമാരസ്വാമി ചോദിച്ചു.
ഭരണസംവിധാനങ്ങൾ നല്ലരീതിയിൽ മുന്നോട്ടുപോകണം. അതിനായി സർക്കാർ സുരക്ഷിതമാണെന്ന ആത്മവിശ്വാസം ഉദ്യോഗസ്ഥരിൽ നിറയ്ക്കണം. അതു തന്റെ കടമയാണെന്നും കുമാരസ്വാമി പറഞ്ഞു. സഖ്യസർക്കാരിന്റെ വിഷമതകളെക്കുറിച്ച് ഇതാദ്യമായല്ല കുമാരസ്വാമി തുറന്നടിക്കുന്നത്. നേരത്തേ ബെംഗളൂരുവിൽ നടന്നൊരു ചടങ്ങിൽ കുമാരസ്വാമി തന്റെ പ്രയാസം തുറന്നുപറഞ്ഞിരുന്നു.
‘കൂട്ടത്തിൽ നിന്നൊരു സഹോദരൻ മുഖ്യമന്ത്രിയായ സന്തോഷത്തിൽ എന്നെ സ്വാഗതം ചെയ്യാൻ പൂക്കളുമായി നിൽക്കുകയാണു നിങ്ങൾ. നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്, എന്നാൽ ഞാൻ അല്ല. എനിക്ക് ഒരു സഖ്യസർക്കാരിന്റെ വിഷമതകൾ അറിയാം. പരമശിവനെപ്പോലെ ഞാൻ അതെല്ലാം സ്വയം വിഴുങ്ങുകയാണ്’കുമാരസ്വാമി അന്ന് പറഞ്ഞു. മുഖ്യമന്ത്രി പദവി പൂക്കൾക്കൊണ്ടല്ല മുള്ളുകൾ കൊണ്ടു നിറഞ്ഞതാണെന്നു മറ്റൊരു ചടങ്ങിൽ കുമാരസ്വാമി പറഞ്ഞിരുന്നു.എംഎൽഎമാരുടെ കൂറുമാറ്റ വിഷയത്തിൽ ബിജെപിയും ഭരണസഖ്യവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണു കുമാരസ്വാമിയുടെ പ്രസ്താവന.
Discussion about this post