ഡൽഹി: കോൺഗ്രസ്സ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള മേഖല തിരിച്ചുള്ള ചർച്ചയിൽ പ്രിയങ്ക വദ്ര പങ്കെടുത്തു. വിശാല ചർച്ചയിൽ രാഹുലും സോണിയയും തങ്ങളുടെ അസാന്നിദ്ധ്യം കൊണ്ടാണ് ശ്രദ്ധേയരായത്. എന്നാൽ ഇരുവരും പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തിരുന്നു.
കോൺഗ്രസ്സ് പാർട്ടിയുടെ ഇടക്കാല അദ്ധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്ക മാത്രമാണ് നെഹ്റു കുടുംബത്തിൽ നിന്ന് പ്രവര്‍ത്തക സമിതി യോഗത്തിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്.
കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ദക്ഷിണമേഖലയിലെ നേതാക്കളുമായി ചർച്ച നടത്താനുള്ള ചുമതല മൻമോഹൻ സിംഗിനാണ്.ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നിക്കിനാണ് ചർച്ചകളിൽ മുൻതൂക്കം. മല്ലികാർജുൻ ഖാർഗെയുടെ പേരും പരിഗണനയിൽ ഉണ്ട്.
രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ നേതൃത്വ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഇന്ന് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. നെഹ്രു കുടുംബത്തിൽ നിന്നായിരിക്കില്ല അടുത്ത അദ്ധ്യക്ഷൻ എന്ന് രാജിവെക്കുന്ന സമയത്ത് രാഹുൽ പറഞ്ഞിരുന്നു. ഇത് പാർട്ടിയിൽ വലിയ അസ്വാരസ്യങ്ങൾക്ക് വഴി വെച്ചിരുന്നു. പ്രിയങ്കയുടെ വരവിനെ ചെറുക്കാനാണ് രാഹുൽ അപ്രകാരം പ്രസ്താവന നടത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
പ്രിയങ്കയെ അദ്ധ്യക്ഷയാക്കാൻ കോൺഗ്രസ്സ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ചിലർ ചരട് വലി നടത്തുന്നതായി സൂചനയുണ്ടായിരുന്നു. പാർട്ടിയിൽ അധികാര വടംവലി നടക്കുന്നതിന്റെ സൂചനയാണ് രാഹുലിന്റെയും സോണിയയുടെയും അസാന്നിദ്ധ്യമെന്നും മാദ്ധ്യമ നിരീക്ഷണങ്ങളുണ്ട്.
Discussion about this post