ഡൽഹി: കശ്മീർ വിഷയത്തിലെ രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ കശ്മീർ പരാമർശം ഇന്ത്യയ്കെതിരെ ആയുധമാക്കാൻ പാകിസ്ഥാൻ തുനിഞ്ഞതോടെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്ത് വന്നു.
കശ്മീരിൽ അക്രമം നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് പാകിസ്ഥാൻ. ഈ പശ്ചാത്തലത്തിൽ ഏറ്റവും ദുരുദ്ദേശ്യപരമായ പ്രസ്താവനയാണിതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. വിഷയത്തിൽ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഴുപത് വർഷം രാജ്യം ഭരിച്ച പാർട്ടിയുടെ അപചയത്തിന്റെ ഉദാഹരണമാണ് രാഹുലിന്റെ പ്രസ്താവന. ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു പാർട്ടിയും ശത്രുരാജ്യത്തിന് അനുകൂലമായി പ്രസ്താവന നടത്തിയിട്ടില്ല. നാണം കെട്ട് ഒടുവിൽ പാകിസ്ഥാനെ അനുകൂലിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ്സ് കൂപ്പുകുത്തിയത് പരിതാപകരമാണെന്നും ജാവ്ദേക്കർ പറഞ്ഞു.
എന്നാൽ ജമ്മു കശ്മീരിൽ കാര്യങ്ങൾ കുഴപ്പത്തിലാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന പാകിസ്ഥാൻ ദുരുപയോഗം ചെയ്തതാണെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. വിഷയത്തിൽ നിലപാട് മയപ്പെടുത്തി രാഹുൽ ഗാന്ധി രംഗത്ത് വന്നുവെങ്കിലും അതിൽ ആത്മാർത്ഥത ഇല്ലെന്ന് ബിജെപി ആരോപിക്കുന്നു.
കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പാകിസ്ഥാന് പുത്തൻ പിടിവള്ളിയാകുകയാണ് വിഷയത്തിൽ രാഹുൽ ഗാന്ധിയുടെയും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെയും നിലപാടുകൾ. റഷ്യയും ഫ്രാൻസും അമേരിക്കയും ഇസ്രായേലും ബ്രിട്ടണും പോളണ്ടും അടക്കമുള്ള രാജ്യങ്ങൾ കശ്മീർ വിഷയത്തിൽ ഇന്ത്യയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഗൾഫ് രാജ്യങ്ങൾ പോലും ഇന്ത്യയെ പരോക്ഷമായി അനുകൂലിക്കുമ്പോൾ പാകിസ്ഥാന് പിടിവള്ളി നൽകുന്ന ഇന്ത്യൻ പ്രതിപക്ഷത്തിന്റെ നിലപാടുകൾക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.
Discussion about this post