ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാകിസ്ഥാനിലെത്തി കുൽഭൂഷൺ ജാദവിനെ കണ്ടു. പാക് വിദേശകാര്യമന്ത്രാലയത്തിൽ വച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയയാണ് കുൽഭൂഷണെ സന്ദർശിക്കുന്നത്.
കുല്ഭൂഷണ് ജാദവുമായി സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക് ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംസാരം റെക്കോഡ് ചെയ്യുമെന്നും ഉപാധികളോടെ മാത്രമേ കാണാനാകൂ എന്നുമായിരുന്നു പാകിസ്ഥാൻ വ്യക്തമാക്കിയത്. ഇത് അംഗീകരിച്ചാണോ കൂടിക്കാഴ്ച എന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ
ഇന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി കുൽഭൂഷണ് കൂടിക്കാഴ്ച നടത്താമെന്ന് പാകിസ്ഥാൻ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വിദേശകാര്യമന്ത്രാലയത്തിലെത്തി പാക് നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കൂടിക്കാഴ്ച തുടങ്ങിയിരിക്കുന്നത്.
Discussion about this post