ബേൺ: കള്ളപ്പണക്കാർക്ക് കുരുക്കുമായി കേന്ദ്രസർക്കാർ മുന്നോട്ട്. സ്വിസ് ബാങ്കിൽ അക്കൗണ്ട് ഉള്ള ഇന്ത്യക്കാർക്ക് പുറമെ നേരത്തെ അക്കൗണ്ട് ഉണ്ടായിരുന്നവരുടെയും വിശദാംശങ്ങൾ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിസ് ബാക് അധികൃതർ അറിയിച്ചു. നടപടികളെ ഭയന്ന് അക്കൗണ്ട് പിൻവലിച്ച് ജമൈക്കയിലും മറ്റും നിക്ഷേപിച്ചിരിക്കുന്നവർക്ക് ഇതോടെ കുരുക്ക് മുറുകും.
ഒരൊറ്റ ദിവസം മാത്രം സജീവമായിരുന്ന ഇന്ത്യൻ ആക്കൗണ്ടുകളുടെ വിവരങ്ങൾ വരെ കൈമാറാൻ പറ്റുന്ന തരത്തിലുള്ളതാണ് തങ്ങളുടെ ഡേറ്റാബേസെന്ന് സ്വിസ് ബാങ്ക് അധികൃതർ അവകാശപ്പെട്ടു. അക്കൗണ്ടുകളിൽ കണക്കിൽ പെടാത്തപണം നിക്ഷേപിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ പെട്ടെന്ന് കണ്ടെത്താൻ ഇതോടെ ഇന്ത്യക്ക് സാധിക്കും. നിക്ഷേപം, ഫണ്ട് കൈമാറ്റങ്ങൾ, മറ്റ് ആസ്തി വിസ്താര മാർഗ്ഗങ്ങൾ എന്നിവയുടെ സമഗ്ര വിവരങ്ങളാണ് ഇന്ത്യക്ക് കൈമാറാൻ പോകുന്നത്.
കള്ളപ്പണ നിക്ഷേപമുള്ള പ്രവാസി ഭാരതീയരും കുടുങ്ങും. സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിച്ച ശേഷം വടക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ബ്രിട്ടണിലും ആഫ്രിക്കയിലും സ്ഥിരതാമസമാക്കിയിരിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടും.
കള്ളപ്പണക്കാർക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ വല വിരിച്ചതിന് ശേഷം ഇത്തരം അക്കൗണ്ടുകളിൽ നിന്ന് വൻ തോതിൽ പണം പിൻവലിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം വിവരങ്ങൾ കൃത്യമായി ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വിശദീകരിക്കുന്നു.
വിവരകൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി സ്വിറ്റ്സർലൻഡ് നയതന്ത്ര പ്രതിനിധികളുടെ ഒരു സംഘം കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാ ബദ്ധമാണ് സ്വിറ്റ്സർലാൻഡെന്നും കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനും എതിരായ ഇന്ത്യൻ നീക്കത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും സ്വിറ്റ്സർലൻഡ് പ്രതിനിധി സംഘം ഇന്ത്യയെ അറിയിച്ചിരുന്നു.
Discussion about this post