മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി. മരട് ഫ്ലാറ്റ് പൊളിക്കല്‍ ഉത്തരവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിം കോടതിയുടെ വിമര്‍ശനം. കോടതിയിലെത്തിയിരുന്ന ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി ശകാരിച്ചു.
ഫഌറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദ്യം. എന്തുകൊണ്ടാണ് എത്ര ദിവസം കൊണ്ട് ഫ്ലാറ്റ് പൊളിക്കുമെന്ന് പറയാത്തത്. നിങ്ങള്‍ ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇത്തരം നിയമലംഘനങ്ങള്‍ കാരണമാണ് പ്രളയം ഉണ്ടാകുന്നത്. പ്രളയത്തില്‍ എത്ര പേര് മരിച്ചുവെന്നറിയില്ലേ എന്നും കോടതി ചോദിച്ചു.
ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും കോടതി പറഞ്ഞു.എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക 4 ഫഌറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു.
കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ട്. പ്രളയത്തില്‍ കേരളത്തിന് വേണ്ടി രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നതാണ്.ഇത്തരം തീരുമാനങ്ങള്‍ കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്.കേരളം നിയമലംഘകരെ സംരക്ഷിക്കുകയാണെന്നും കോടതി പ്രതികരിച്ചു. കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്കി. ഫഌറ്റ് പൊളിക്കാന്‍ മൂന്നു മാസം വേണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. കേസിനെ കുറിച്ച് സാല്‍വെയ്ക്ക് കൂടുതലൊന്നും അറിയില്ലെന്നും അരുണ്‍ മിശ്ര പരാമര്‍ശിച്ചു.
ഇതിനിടെ കേസ് വെള്ളിയാഴ്ചയ്ക്ക് മാറ്റണമെന്ന് ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു എന്നാല്‍ അന്ന് തന്നെ കോടതി ഉത്തരവുണ്ടാകുമെന്നും ജസ്റ്റിസ് അറിയിച്ചു.
ഫ്ലാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ല ഇതാണ് സമീപനമെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകും. സര്‍ക്കാരിന്റെ ഉദ്ദേശം വ്യക്തമാണ്. അതിനാല്‍ ഒരു ഉത്തരവ് വെള്ളിയാഴ്ച തന്നെ ഇറക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഹരീഷ് സാല്‍വെയുടെ ഇടപെടാനുള്ള ശ്രമം സുപ്രിം കോടതി തടഞ്ഞതും ശ്രദ്ധേയമായി. കോടതിയുടെ പരാമര്‍ശങ്ങള്‍ കോടതി ഉത്തരവിലുണ്ടായാല് അത് വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഈ മാസം ഇരുപതിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള അന്ത്യശാസനം പാലിക്കപ്പെട്ടില്ല എന്ന വിമര്‍ശനത്തിനിടെയാണ് മരട് ഫ്ലാറ്റ് കേസ് വീണ്ടും സുപ്രീംകോടതിയുടെ മുന്‍പിലെത്തുന്നത്.
Discussion about this post