താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മരടിലെ നാല് ഫ്ളാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി രഹസ്യ ഓപ്പറേഷനിലൂടെ വിച്ഛേദിച്ചു. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു കെഎസ്ഇബിയുടെ നടപടി.
പുലർച്ചെ അഞ്ച് മണിയോടെ ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം വിഛേദിച്ചത്. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയായിരുന്നു കെഎസ്ഇബിയുടെ നടപടി. വൈദ്യുതി വിഛേദിച്ചതിൽ ഫ്ളാറ്റ് ഉടമകൾ പ്രതിഷേധിച്ചു.
ക്രൂരമായ നടപടിയാണിതെന്ന് ഫ്ളാറ്റ് ഉടമകൾ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്വ രഹിതമായ നടപടിയാണ് സർക്കാർ തങ്ങൾക്കെതിരെ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യൻ പൗരൻമാരാണ്, മനുഷ്യരാണെന്ന് ഫ്ളാറ്റ് ഉടമകൾ പറഞ്ഞു.
നാളെയോടെ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വിഛേദിക്കണമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നഗരസഭ അറിയിപ്പ് കൊടുത്തിട്ടുണ്ട്. എന്നാൽ, എന്ത് വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും ഇല്ലെങ്കിലും ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉടമകൾ. നാളെ സുപ്രീം കോടതി മരട് ഫ്ളാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്നുണ്ട്.
ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥരായ മരട് നഗരസഭ സെക്രട്ടറിയും ഫോർട്ട് കൊച്ചി സബ് കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ് ഇന്ന് മരടിലെ ഫ്ലാറ്റുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്താനും സാധ്യതയുണ്ട്. വിദേശത്തുള്ള ചില ഉടമകൾ കൂടി മരടിലെ ഫ്ളാറ്റുകളിൽ ഇന്ന് എത്തിചേർന്നതിന് ശേഷം സമരപരിപാടികൾ തീരുമാനിക്കാനാണ് ഉടമകളുടെ തീരുമാനം
Discussion about this post