കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായി. വഞ്ചനക്കും നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരമാണ് കമ്പനികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളുടെ ഉടമകൾക്കെതിരെയാണ് കേസ്. വഞ്ചനക്കും നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് കേസ്. കമ്പനി ഉടമകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം.
കൂടാതെ തീരദേശസംരക്ഷണനിയമം ലംഘിച്ചു നിർമ്മിച്ച നാല് ഫ്ലാറ്റുകളും പൊളിച്ചു കളയാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഒഴിപ്പിക്കൽ ഞായറാഴ്ച ആരംഭിക്കും. ഇതിന് മുന്നോടിയായി ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിബന്ധവും ജലവിതരണവും പാചകവാതക വിതരണവും നിർത്തി വെക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വൈദ്യുതി ബന്ധം പൂർണ്ണമായും ജലവിതരണം ഭാഗികമായും നിർത്തി വെച്ചതായാണ് റിപ്പോർട്ട്.
ഞായറാഴ്ച തുടങ്ങി നാല് ദിവസത്തിനകം നാല് ഫ്ലാറ്റുകളിലേയും മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഒക്ടോബര്‍ 11 മുതല്‍ ഫ്ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. 2020 ഫെബ്രുവരി ഒമ്പതോടെ മുഴുവന്‍ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുമെന്നും സർക്കാർ കർമ്മ പദ്ധതിയിൽ വ്യക്തമാക്കുന്നു.
Discussion about this post