സുപ്രീംകോടതി പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽനിന്ന് താമസക്കാർ ഇന്ന് ഒഴിയണം. ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച തീരുകയാണ്. ഫ്ളാറ്റുകൾ ഒഴിപ്പിക്കാൻ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ സിങ്ങും മരട് നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും ബുധനാഴ്ച വൈകീട്ട് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറിൻ ഫ്ലാറ്റുകളിലെത്തിയിരുന്നു. ഇവർ താമസക്കാരുമായി സംസാരിച്ചു.
ഒഴിയാൻ 15 ദിവസം കൂടി അനുവദിക്കണമെന്ന് ഫ്ളാറ്റുടമകൾ സബ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിഞ്ഞുപോകുന്നവർക്കായി താമസ സൗകര്യം ഒരുക്കണമെന്നും 15 ദിവസം കൂടി വൈദ്യുതിയും വെള്ളവും നിഷേധിക്കരുതെന്നും പറഞ്ഞു. ഈ സർക്കാരുമായി കൂടി ആലോചിച്ച ശേഷമേ തീരുമാനം അറിയിക്കാൻ കഴിയുകയുള്ളൂവെന്ന് സബ് കളക്ടർ ഫ്ളാറ്റുടമകളെ അറിയിച്ചു.
ബുധനാഴ്ച വൈകീട്ടത്തെ കണക്കനുസരിച്ച് 40 താമസക്കാരാണ് ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞിട്ടുള്ളത്. ഇതിൽ 30 പേരും വാടകയ്ക്ക് താമസിക്കുന്നവരാണ്. 10 താമസക്കാരേ ഫ്ലാറ്റുടമകളായിട്ടുള്ളൂ. ഇവർ തന്നെ പ്രായമായവരോ ചികിത്സാവശ്യത്തിനായി ഇവിടെ താമസിക്കുന്നവരോ ആയിരുന്നു. മരട് നഗരസഭയുടെ കണക്കനുസരിച്ച് 343 താമസക്കാരാണ് അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലായിട്ടുള്ളത്.
ഒഴിയുന്നവർക്ക് താമസത്തിനായി സൗകര്യം ഒരുക്കാം എന്നു പറഞ്ഞ സർക്കാർ അതിനായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ പറയുന്നത്. കുറഞ്ഞ സമയപരിധിക്കുള്ളിൽ വീടോ ഫ്ലാറ്റോ സ്വന്തമായി കണ്ടെത്തി മാറുക വിഷമമാണ്. മരടിലൊന്നും ഫ്ലാറ്റോ വീടോ വാടകയ്ക്ക് കിട്ടാനില്ല. അതിനാലാണ് 15 ദിവസം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഫ്ളാറ്റുടമകൾ വ്യക്തമാക്കി.
Discussion about this post