തിരുവനന്തപുരം: ചീഫ് എന്‍ജിനിയര്‍മാരുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തരസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. എന്‍ജിനിയര്‍മാരുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. വിജിലന്‍സും പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെയുളള നടപടിയിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് എന്‍ജിനിയര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
വിജിലന്‍സ് കുറ്റക്കാരെന്ന് കണ്ടത്തെിയ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപടി എടുത്തിരുന്നു. മന്ത്രിമാരായ വി.കെ. ഇബ്രാഹികുഞ്ഞും പി.ജെ. ജോസഫും ഇതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
നല്‍കിയിരുന്നു. എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്യാനുള്ള ആഭ്യന്തരവകുപ്പ് തീരുമാനം ഏകപക്ഷീയമാണെന്നും പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിയോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നല്കിയ എട്ട് കോടിയുടെ കരാറില്‍ അഴിമതി കണ്ടത്തെിയതിനെ തുടര്‍ന്നാണ് പി.ഡബ്ള്യു.ഡി ചീഫ് എന്‍ജിനീയര്‍ പി.കെ. സതീഷ്, ജലവിഭവവകുപ്പിലെ വി.കെ. മഹാനുദേവന് എന്നിവരെ സര്‍വിസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞയാഴ്ച ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ ഫയലുകള്‍ കാണിക്കാതെ രണ്ട് വകുപ്പുകളിലെയും ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തര സെക്രട്ടറി നേരിട്ട് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
സസ്പെന്‍ഷനിലുള്ള മുന്‍ മരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ആണ് കേസിലെ ഒന്നാംപ്രതി. ചട്ട വിരുദ്ധമായാണ് ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തതെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയെന്നും ബന്ധപ്പെട്ട വകുപ്പ് അറിയാതെ ആരെയെങ്കിലും സസ്പെന്‍ഡ് ചെയ്താല്‍ പ്രാബല്യത്തില്‍ വരില്ല എന്നത് ആഭ്യന്തരവകുപ്പ് മാനിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
Discussion about this post