ഡൽഹി: ഷഹീൻ ബാഗ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹീൻ ബാഗിൽ അക്രമം നടത്തുന്നവർക്ക് കെജരിവാൾ സംരക്ഷണവും പ്രോത്സാഹനവും നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
‘ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധജലം നൽകാൻ കെജരിവാളിന് കഴിയുന്നില്ല. ഇന്ത്യയിൽ ഏറ്റവും മലിനമായ ജലമാണ് ഡൽഹി നിവാസികൾ ഉപയോഗിക്കുന്നതെന്ന് സർവ്വേകൾ വ്യക്തമാക്കുന്നു. എന്നാൽ ഷഹീൻ ബാഗിലും മറ്റിടങ്ങളിലും പ്രതിഷേധത്തിന്റെ പേരിൽ കുത്തിയിരിക്കുന്നവർക്ക് കെജരിവാൾ ബിരിയാണി നൽകുകയാണ്.’ യോഗി പരിഹസിച്ചു. ഡൽഹിയിലെ രോഹിണി മേഖലയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവർ രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരാണെന്നും അവർക്ക് പിന്തുണ നൽകുന്നവർ ‘ടുക്ഡെ- ടുക്ഡെ’ സംഘത്തിന്റെ ആളുകളാണെന്നും നേരത്തെ കേന്ദ്രമന്ത്രി അമിത് ഷാ ഡൽഹിയിൽ ആരോപിച്ചിരുന്നു.
അതേസമയം ഷഹീൻ ബാഗ് സമരത്തിനിടെ വെടിയുതിർത്ത ഒരാളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
Discussion about this post