ഡൽഹി: നിസാമുദ്ദീൻ മർക്കസിലെ വിവാദ മതസമ്മേളനവുമായി ബന്ധപ്പെട്ട കേസിൽ കർശന നടപടികളുമായി ഡൽഹി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൗലാന സാദ് അടക്കം ഏഴ് പേർക്കെതിരെ ഡൽഹി പൊലീസ് എഫ് ഐ ആർ തയ്യാറാക്കി.
മൗലാന സാദ്, ഡോക്ടർ സീഷാൻ മുഫ്തി ഷെഹ്സാദ്, എം സെയ്ഫി, യൂനുസ് മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷറഫ് എന്നിവരുടെ പേരുകളാണ് ഡൽഹി പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ ഉള്ളത്. മതസമ്മേളനത്തിന്റെ ചുമതല വഹിച്ചത് കൂടാതെ നിർദ്ദേശങ്ങളെ അവഗണിച്ച് മാർച്ച് 24 വരെ സന്ദർശകരെ പരിസരത്ത് തങ്ങാൻ അനുവദിച്ചതിനും കൂടിയാണ് കേസ്. മാർച്ച് 13മുതൽ 15 വരെ നടന്ന പരിപാടിയിൽ മർക്കസ് കെട്ടിടത്തിൽ വലിയൊരു വിഭാഗം ജനങ്ങൾ പ്രാർത്ഥനയ്ക്കായി ഒത്തു കൂടിയിരുന്നു. മതസമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവം വിവാദമായത്.
36 മണിക്കൂർ നീണ്ടു നിന്ന സംയുക്ത പദ്ധതിയുടെ ഭാഗമായി 2361 പേരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിരുന്നു. ആളുകളെ ഒഴിപ്പിച്ചതിന് ശേഷം നിസാമുദ്ദീൻ മർക്കസും ചുറ്റുപാടുകളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അണുവിമുക്തമാക്കിയിരുന്നു.
Discussion about this post