ഡൽഹി: നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ യോഗം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ് എടുത്തു. യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് മൗലാന സഅദിനെതിരെ ഈ വകുപ്പ് ചുമത്തിയത്. നേരത്തെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം മൗലാന സഅദിനും മറ്റു ആറ് തബ്ലീഗ് നേതാക്കള്‍ക്കുമെതിരെ കേസെടുത്തിരുന്നു.
മാര്‍ച്ച് 21 വരെ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതില്‍ ചിലര്‍ ഹൈദരാബാദിലും തമിഴ്നാട്ടിലും മരിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ വകുപ്പ് ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് ബുധനാഴ്ചയാണ് മൗലാന സഅദിനെതിരെ ഡൽഹി പൊലീസ് ചുമത്തിയത്. കേന്ദ്രസര്‍ക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച ശേഷം തബ്ലീഗ് ആസ്ഥാനത്ത് ആളുകള്‍ സംഘടിച്ച സംഭവത്തില്‍ നേരത്തെ എടുത്ത കേസിന് പുറമെയാണിത്.
മാര്‍ച്ച് 31നാണ് മൗലാന സഅദിനെതിരെ ഡൽഹി പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറുടെ പരാതിയിലായിരുന്നു കേസ്. യോഗം സംഘടിപ്പിച്ചത് മാത്രമായിരുന്നു അന്ന് എഫ്ഐആറില്‍ സൂചിപ്പിച്ചിരുന്നത്. ഇതിനു പുറകെയാണ് ഇപ്പോള്‍ പുതിയ വകുപ്പ് ചേര്‍ത്തിരിക്കുന്നത്.
അതേസമയം, മൗലാന സഅദ് ഡൽഹിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ്. ക്വാറന്റൈന് കാലാവധി കഴിഞ്ഞ്സ അദിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനം. 9000 ത്തോളം പേരാണ് മാര്‍ച്ച് പകുതിക്ക് ശേഷം നടന്ന തബ്ലീഗ് യോഗങ്ങളില്‍ സംബന്ധിച്ചത്. ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പലരും തിരിച്ചുപോയി. ഇവരില്‍ ചിലര്‍ക്ക് രോഗം ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്തതോടെയാണ് യോഗം വിവാദമായത്. നിലവില്‍ 25500 തബ്ലീഗ് പ്രവര്‍ത്തകര്‍ ആണ് രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുന്നത്.
Discussion about this post