സഹാരൻപുർ: തബ്ലീഗ് ജമാ അത്ത് തലവൻ മൗലാന സാദിന്റെ രണ്ട് അടുത്ത ബന്ധുക്കളെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന മൊഹല്ല മുഫ്തി രോഗബാധിത മേഖലയായി പ്രഖ്യാപിച്ച് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയതായി സഹാരൻപുർ ജില്ലാ മജിസ്ട്രേറ്റ് അഖിലേഷ് സിംഗ് അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച രണ്ട് പേരും ഡൽഹിയിലെ നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നതായും സർക്കാർ സ്ഥിരീകരിച്ചു. മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ച് ഇവർ മതസമ്മേളനത്തിൽ പങ്കെടുത്തതായി സ്ഥിരീകരിക്കുകയും ക്വാറന്റീൻ ചെയ്യുകയുമായിരുന്നു.
അതേസമയം തബ്ലീഗ് ജമാ അത്ത് സമ്മേളനം നടന്ന ഡൽഹിയിലെ നിസാമുദ്ദീൻ രാജ്യത്തെ സുപ്രധാന കൊവിഡ് ഹോട്ട്സ്പോട്ടായി തുടരുകയാണ്. ഇവിടെ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാടുകളിലേക്ക് മടങ്ങിയവരിൽ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വൈറസ് ബാധ പടരുകയായിരുന്നു. തുടർന്ന് മതസമ്മേളനത്തിൽ പങ്കെടുത്തവർക്കായി രാജ്യവ്യാപകമായ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
Discussion about this post