തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടി മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും കാര്യങ്ങൾ സർക്കാർ ഉദ്ദേശിച്ച വേഗതയിൽ മുന്നോട്ട് പോയേക്കില്ലെന്ന് സൂചന.
ഹൈക്കോടതി വിധിയെ മറികടക്കാനാണ് ഓർഡിനൻസ് എന്നുള്ളത് കൊണ്ട് ഗവർണ്ണർ കൂടുതൽ പരിശോധനയും നിയമവിദഗ്ധരുടെ ഉപദേശവും ഇക്കാര്യത്തിൽ തേടാൻ സാദ്ധ്യതയുണ്ട്. ശമ്പളം അവകാശമാണെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ പരോക്ഷമായി ചോദ്യം ചെയ്യുന്ന നടപടിയാണ് ഓർഡിനൻസിലൂടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് നിയമ വിദഗ്ധർ നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ഗവർണ്ണർ ഒറ്റയടിക്ക് ഓർഡിനൻസിന് അംഗീകാരം നൽകുമോയെന്നതാണ് പ്രസക്തം. ഗവർണ്ണർ ഓർഡിനൻസ് മടക്കുകയോ തിരുത്തലുകൾ ആവശ്യപ്പെടുകയോ ചെയ്താൽ സംസ്ഥാന സർക്കാരിന് അത് വൻ തിരിച്ചടിയായേക്കും.
ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സർക്കാർ തിരക്കു പിടിച്ച് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമ്ർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ഓർഡിനൻസ് പ്രകാരം ശമ്പളത്തിൻറെ 25 ശതമാനം വരെ ദുരന്തം മുൻനിർത്തി സർക്കാറിന് താത്കാലികമായി പിടിച്ചു വെക്കാം.
പിടിച്ചു വെക്കുന്ന തുക എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉണ്ട്. ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നീക്കങ്ങളുടെ ഫലപ്രാപ്തി നീണ്ടു പോകാനാണ് സാദ്ധ്യത.
Discussion about this post