തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്
തിയറ്ററില്‍ ഓണസദ്യ വിളമ്പി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയാണ് സദ്യ വിളമ്പിയത്. സദ്യ വിളമ്പിയത് അണുവിമുക്തമായി സൂക്ഷിയ്ക്കേണ്ട സ്ഥലത്താണ്. ആശുപത്രിയിലെ നൂറോളം വരുന്ന ജീവനക്കാരും ഡോക്ടര്‍മാരും സദ്യയില്‍ പങ്കെടുത്തു. എന്നാല്‍ സാധാരണയായി ഭക്ഷണം വിളമ്പുന്ന സ്ഥലത്തു തന്നെയാണ് ഇന്ന് സദ്യ വിളമ്പിയതെന്ന വിശദീകരണവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. എന്നാല്‍ എട്ടോ പത്തോ ഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കുന്നതിനപ്പുറം നൂറുക്കണക്കിന് ആശുപത്രി ജീവനക്കാര്‍ക്കാണ് ഇന്നിവിടെ ഓണസദ്യ നല്‍കിയത്.
അതേസമയം, ഓപ്പറേഷന് തിയറ്ററില്‍ സദ്യ വിളമ്പിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു വ്യക്തമാക്കി. സദ്യ വിളമ്പിയത് കാന്റീനിലാണ്. പൂക്കളമിട്ടത് സ്റ്റെറൈല്‍ ഏരിയയില്‍ അല്ല. ഓപ്പറേഷന് തിയറ്ററില്‍ ഇനി മുതല്‍ പൂക്കളമിടാന്‍ അനുവദിക്കില്ല. തിങ്കളാഴ്ചയ്ക്കു മുന്‍പ് തിയറ്റര്‍ അണുവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓണസദ്യ വിവാദമായ സാഹചര്യത്തില്‍ ഈ സംഭവത്തിനെതിരെ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. ഇതിനെതിരെ നേരിട്ട് പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു.
Discussion about this post