ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണ്‍ കോവിഡ് അതിവ്യാപനം തടഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്ധന്. ലോക്ഡൗണിലൂടെ 14 ലക്ഷം മുതല്‍ 29 ലക്ഷം കോവിഡ് കേസുകളും 37,000 മുതല്‍ 78,000 കോവിഡ് മരണങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി ലോക്സഭയില്‍ പറഞ്ഞു.
നാല് മാസത്തെ ലോക്ഡൗണ്‍ ആരോഗ്യരംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും മനുഷ്യവിഭവശേഷി കൂട്ടുന്നതിനും പി.പി.ഇ. കിറ്റ്, എന്‍-95 മാസ്ക്, വെന്റിലേറ്ററുകള്‍ തുടങ്ങിയ ഉത്പാദിപ്പിക്കാനുമായാണ് ചെലവഴിച്ചത്. മാര്‍ച്ചില്‍ ഉണ്ടായതിനേക്കാള്‍ എത്രയോ മടങ്ങ് ഐസോലേഷന്, ഐ.സി.യു സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. പി.പി.ഇ കിറ്റ് അടക്കമുള്ള ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാവുന്ന ഘട്ടത്തില്‍ രാജ്യമെത്തിയെന്നും ഹര്‍ഷ് വര്ധന് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതിലും ഉയര്‍ന്ന തോതില്‍ കോവിഡ് പരിശോധനകള്‍ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയില്‍ രാജ്യം സ്വയം പര്യാപ്ത നേടി. ഒരു ലക്ഷം ഓക്സിജന്‍ സിലിണ്ടറുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി നല്കി. കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കാനും മരണനിരക്ക് കുറക്കാനും കഴിഞ്ഞു. കോവിഡിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post