കോഴിക്കോട് : സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹീമും കാരാട്ട് റസാഖുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ സ്വർണക്കടത്ത് സംഘമായി സിപിഎം മാറിയെന്നും അദ്ദേഹം ആരോപിച്ചു. പിടിഎ റഹീം എംഎൽഎ ചെയർമാനും കാരാട്ട് ഫൈസൽ ഡയറക്ടറുമായ കൊടുവള്ളി കിംസ് ആശുപത്രിയുടെ മുന്നിലേക്ക്, കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കള്ളക്കടത്ത് ലോബിയുടെ പണമാണ് സിപിഎമ്മിന്റേത്. കള്ളക്കടത്ത് സംഘത്തിന്റെ ബിനാമികളായി സിപിഎം മാറി. കാരാട്ട് ഫൈസലിനെതിരെ എന്തുകൊണ്ട് സിപിഎം നടപടിയെടുക്കുന്നില്ല. സിപിഎം നേതൃത്വത്തിന് അധോലോക ബന്ധമുണ്ട്”- എംടി രമേശ് കൂട്ടിച്ചേർത്തു. മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും മകൻ ബിനീഷ് കോടിയേരിക്കെതിരെയും എംടി രമേശ് ആഞ്ഞടിച്ചു. അച്ഛൻ സ്വർണ്ണക്കള്ളക്കടത്ത്കാരന്റെ കാറിൽ യാത്ര നടത്തുന്നുവെന്നും മകൻ മയക്കുമരുന്ന് സംഘത്തിന്റെ കൂടെയാണെന്നുമാണ് അദ്ദേഹം ഇരുവരെയും കുറിച്ച് പറഞ്ഞത്.
Discussion about this post