ചെന്നൈ: കോവിഷീൽഡ് വാക്സിൻ പരീക്ഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടയാൾക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്.
വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചെന്നൈ സ്വദേശി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടി. ഒക്ടോബർ -1 നു ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നും കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ആളാണ് പരാതിക്കാരൻ.
വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനഃശാസ്ത്രപരവുമായ പ്രശ്നങ്ങളും ഉണ്ടായെന്നാണ് 40 വയസ്സുകാരനായ ഈ ബിസിനസ് കൺസൾട്ടന്റ് അവകാശപ്പെടുന്നത്. അതിനാൽ വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കണമെന്നുൾപ്പെടെ ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇയാളുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പ്രതികരിച്ചു.
പരാതിക്കാരന്റെ ആരോഗ്യാവസ്ഥയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും എന്നാൽ അതിന് കോവിഡ് വാക്സിൻ പരീക്ഷണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതർ പറഞ്ഞത്. ലോകപ്രശസ്തമായ കമ്പനിയിൽ നിന്നും പണം തട്ടിയെടുക്കാനായാണ് പരാതിക്കാരൻ ഇത്തരത്തിലുള്ള ആരോപണം ഉയർത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post