മുംബൈ: ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഷിർദി ശ്രീ സായിബാബ ക്ഷേത്രത്തിലേക്കുള്ള വഴി മദ്ധ്യേയാണ് പോലീസ് തൃപ്തി ദേശായിയെ കസ്റ്റഡിയിലെടുത്തത്.
ക്ഷേത്രത്തിൽ ശ്രീ സായിബാബ ട്രസ്റ്റ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ പോവുകയായിരുന്നു തൃപ്തിയും സംഘവും. ഈ മാസം 11 വരെ ഷിർദി മുനിസിപ്പൽ പരിധിക്കുള്ളിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് തൃപ്തി ക്ഷേത്രത്തിലേക്ക് ചെന്നത്. ട്രസ്റ്റ് ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്നത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചു മാത്രമേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ പാടുകയുള്ളുവെന്ന് വ്യക്തമാക്കികൊണ്ടുള്ള ബോർഡുകളാണ്.
ബോർഡുകൾ നീക്കം ചെയ്യണമെന്ന് തൃപ്തിയും സംഘവും ഭീഷണി മുഴക്കിയിരുന്നെങ്കിലും ട്രസ്റ്റ് ബോർഡുകൾ നീക്കാൻ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതേതുടർന്നാണ് തൃപ്തിയും കൂട്ടരും ക്ഷേത്രത്തിലേക്ക് പോയത്. പൂനെയിൽ നിന്നും തൃപ്തിയുടെ നേതൃത്വത്തിൽ ഷിർദിയിലേക്ക് യാത്ര തിരിച്ചത് 20 അംഗ സംഘമാണ്. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ പൂനെ -അഹമദ്നഗർ ദേശീയ പാതയ്ക്ക് സമീപം സംഘത്തെ തടയുകയായിരുന്നു.
Discussion about this post