ഡൽഹി: രാജ്യ തലസ്ഥാനം പക്ഷിപ്പനി ഭീതിയിൽ. ഡൽഹിയിൽ കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ച് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിൽ ആകെ ചത്ത കാക്കകളുടെ എണ്ണം ഇരുന്നൂറ് കടന്നു. ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തലസ്ഥാനത്ത് ചിലയിടങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആയിരത്തോളം പക്ഷികൾ ചത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. കേരളത്തിനും ഡൽഹിക്കും പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post