ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാർ. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്ന് സഭാ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച വിഷയത്തിൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി കർദിനാൾമാർ വ്യക്തമാക്കി.
സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും തൊട്ടുകൂടായ്മയില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് അടക്കമുളള വിഷയങ്ങളിൽ ഒരു പ്രത്യേക സമുദായത്തിന് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്നതിലുള്ള ആശങ്ക പ്രതിനിധികൾ പ്രധാനമന്ത്രിയെ അറിയിച്ചു.
അതേസമയം മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കൊവിഡ് സാഹചര്യം മാറിയാൽ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കർദിനാൾമാരായ മാർ ഒസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ക്ലിമ്മീസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സഭാ സംഘത്തിൽ ഉണ്ടായിരുന്നത്.
Discussion about this post