ഹഗിയ സോഫിയ വിഷയം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് കെസിബിസി വിമര്‍ശിച്ചു.
ചാണ്ടി ഉമ്മന്റെ പ്രസംഗം ഇങ്ങനെ,
“ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്ന് പറയുന്നു. നമ്മളെല്ലാം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് 1500-2000 വര്‍ഷമായില്ലേ? ഇങ്ങനെയാരെങ്കിലും ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ചുകൂട്ടണം. ഇവിടുത്തെ ജനങ്ങളെ തമ്മില്‍ വേര്പിരിക്കേണ്ട കാര്യമുണ്ടോ? നാണമുണ്ടോ സിപിഐഎംകാരാ ഈ നിലവാരത്തിലേക്ക് താഴുവാന്‍. പിന്നെ പറയുന്നു ഹഗിയ സോഫിയ. ആയിരക്കണക്കിന് പള്ളികളാണ് പാശ്ചാത്യലോകത്ത്, സ്പെയിനില്‍ ഇംഗ്ലണ്ടില്‍ ബാറുകളായി മാറുന്നത്. യാതൊരു ബുദ്ധിമുട്ടും ഇവര്‍ക്കില്ലല്ലോ?
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഒരു ബുദ്ധിമുട്ടുപോലും ഇത്രയും നാള് കഴിഞ്ഞ 30-40 വര്‍ഷമായി ഇവിടെ ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍, ദേവാലയങ്ങള്‍ അവിടെ ഡാന്‍സ് ബാറുകളായി മാറി. ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്തൊരു പ്രശ്നത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കണം ജനങ്ങളെ. അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍. ഇത് ഏറ്റവും ഖേദകരം എന്നല്ലാതെ പറയാന്‍ സാധിക്കുമോ? നമ്മള് വല്ല നാട്ടിലെ കാര്യം പറഞ്ഞ് തമ്മിലടിക്കണോ? ഇതാണ് ശ്രമം. ജനങ്ങളെ തമ്മില്‍ വിഭജിപ്പിക്കുവാന്‍ എല്ലാ തരത്തിലും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.“
ചാണ്ടി ഉമ്മന്‍ തന്റെ പ്രസംഗത്തില്‍ തുര്‍ക്കിയിലെ ഹഗിയ സോഫിയ കത്തീഡ്രല്‍ മോസ്ക് ആക്കി മാറ്റിയ അവിടുത്തെ ഭരണാധികാരി ശ്രീ എര്‍ദോഗന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചന്ദ്രികയില്‍ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിന് വേണ്ടി യൂറോപ്പിലെ പല പള്ളികളും വില്ക്കപ്പെടുന്നതിനേയും നടത്തുന്നതിനേയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ചേര്‍ത്തു വ്യാഖ്യാനിക്കുകയുണ്ടായി. ഈ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നതാണെന്ന് കെസിബിസി കുറ്റപ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപേരുകള്‍ വെച്ച് വര്‍ഗീയ വിദ്വേഷം കലര്‍ത്തി പല വിഷയങ്ങളിലും പ്രതികരണങ്ങള്‍ എഴുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ക്രൈസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നവരും അത് പങ്കുവെയ്ക്കുന്നവരും കേരള കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്യുന്നില്ല.
കേരള സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ഒരു നടപടിയേയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ട്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കോണ്‍ഗ്രസ് യുവ നേതാവായ ശ്രീ ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നതാണ്. സഭ പ്രതികരിച്ചു.
യൂത്ത് ലീഗിന്റെ ഇന്‍സൈറ്റ് 2021 പരിപാടിക്കിടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. പ്രസംഗത്തിനിടെ ക്രിസ്ത്യന്‍ ഐഡികള്‍ ഉപയോഗിച്ച് സിപിഐഎം മുസ്ലീം വിരുദ്ധ പ്രചരണം നടത്തുകയാണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ഇതിനോടൊപ്പമായിരുന്നു ഹഗിയ സോഫിയ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
Discussion about this post