കണ്ണൂർ: കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകാത്ത പള്ളിവികാരിയെയും കൈക്കാരനെയും വിമർശിച്ച പൊതുപ്രവർത്തകനെ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ച് മപ്പ് പറയിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. കുന്നോത്ത് പള്ളി വികാരി ഫാദർ അഗസ്റ്റിൻ പാണ്ട്യാംമാക്കലിനെ വിമർശിച്ച പൊതുപ്രവർത്തകൻ ജിൽസ് ഉണ്ണിമാക്കലിനെയാണ് ആൾക്കൂട്ടം പള്ളിയിൽ കൊണ്ടുവന്ന് അപമാനിച്ചത്. പൊലീസ് നോക്കി നിൽക്കേയായിരുന്നു സംഭവം.
നാല് വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു ആൽബർട്ട് എന്ന 16-കാരന്റെ ഒരു കാല് പൂർണ്ണമായും മുറിച്ചുമാറ്റിയിരുന്നു. തുടർ ചികിത്സകൾ പരാജയപ്പെട്ടതോടെ മകന് മതപരമായി അർഹതപ്പെട്ട അന്ത്യകൂദാശ നടത്തണമെന്ന് അഭ്യർത്ഥിച്ച് പിതാവ് മാത്യു ചരുപറമ്പിൽ കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാദർ അഗസ്റ്റിൻ പാണ്ട്യാംമാക്കലിനെ കണ്ടു. എന്നാൽ അദ്ദേഹം ഇത് നിരാകരിച്ചു.
പുരോഹിതന്റെ പ്രവൃത്തിയിൽ മനം നൊന്ത പിതാവ് കുഞ്ഞിന്റെ മരണ ശേഷം പള്ളിയിലെത്തി വികാരിയെ കുറ്റപ്പെടുത്തി സംസാരിച്ചു. സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയത് പൊതുപ്രവർത്തകനായ ജിൽസ് ഉണ്ണിമാക്കൽ ഇടവക വികാരിയുടെയും കൈക്കാരൻ ജോസിന്റെയും നടപടികളെ വിമർശിച്ചു. ഇതിൽ പ്രകോപിതരായ അക്രമികൾ ജിൽസിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആൾക്കൂട്ട വിചാരണ നടത്തുകയായിരുന്നു.
പൊലീസ് നോക്കി നിൽക്കെ ആൾക്കൂട്ടം ജിൽസിനെക്കൊണ്ട് കൈക്കാരൻ ജോസിന്റെ കാലുപിടിപ്പിച്ച് ആർത്തു വിളിച്ചു. പൊതുപ്രവർത്തകനെ ആൾക്കൂട്ട വിചാരണ ചെയ്തവർ കേരള കത്തോലിക്ക സമൂഹത്തിന് മാതൃകയാണെന്ന് പള്ളി വികാരി വിശ്വാസികളുടെ വാട്സാപ് കൂട്ടായ്മയിൽ കുറിച്ചു. ഉത്തരേന്ത്യയിൽ നടക്കുന്ന ചെറിയ സംഭവങ്ങളെക്കുറിച്ച് പോലും വാചാലരാകുന്ന കേരള സർക്കാരും മുഖ്യധാരാ മാധ്യമങ്ങളും സംഭവത്തിൽ മൗനം തുടരുകയാണ്.
Discussion about this post