തിരുവനന്തപുരം : സാമ്പത്തികവർഷാവസാനം സാധാരണ അവധി ദിവസങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇക്കുറി ശമ്പളം വിതരണം ചെയ്യുന്നതിനാണു ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ ട്രഷറികൾ പ്രവർത്തിക്കുന്നത്. സാധാരണ ശമ്പള ദിവസം പൊതു അവധിയാണെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിവസമായിരിക്കും അവ വിതരണം ചെയ്യുക. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടുതന്നെ ഇക്കുറി ശമ്പള ദിവസം തന്നെ പരിഷ്ക്കരിച്ച ശമ്പളവും പെന്‍ഷനും നല്‍കുന്നതിനാണു പൊതു അവധിദിവസം പ്രവര്ത്തിദിവസമാക്കിയിരിക്കുന്നത്.
ദുഃഖവെള്ളിയായ ഏപ്രില്‍ രണ്ടിനും ഈസ്റ്റര്‍ ദിവസമായ ഏപ്രില്‍ നാലിനുമാണു ട്രഷറി വകുപ്പ് പ്രവര്‍ത്തിക്കുന്നത്. സാധാരണ മാര്‍ച്ച് 31ന് സാമ്പത്തികവർഷം അവസാനിച്ചാല്‍ ഏപ്രില്‍ ഒന്നിന് ട്രഷറിയില്‍ ഇടപാടുകള്‍ ഉണ്ടാകാറില്ല . ശമ്പളപരിഷ്ക്കരണകമ്മീഷൻ നിര്‍ദ്ദേശപ്രകാരം പരിഷ്ക്കരിച്ച ശമ്പളവും, ആനുകുല്യങ്ങളും ഏപ്രില്‍ മാസം നല്കുന്ന ശമ്പളത്തോടൊപ്പമാണ് വിതരണം ചെയ്യുന്നത്.
ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന വോട്ടെടുപ്പിന് മുൻപ് പരിഷ്ക്കരിച്ച ശമ്പളവും, പെന്‍ഷനും വിതരണം ചെയ്യുന്നതിനാണ് അവധി ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്. അവധി ദിനം ഹാജരാകുന്ന ജീവക്കാര്‍ക്ക് കോമ്പൻസേറ്ററി അവധി അനുവദിക്കും. ഈസ്റ്ററിനെ തുടർന്ന് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും ഉണ്ടാവുക.
Discussion about this post