തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി പരാതി. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എകെജി സെന്ററില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയ സംഭവത്തിൽ ജില്ലാ കലക്ടര്‍ക്കും ഡിജിപിക്കും പരാതി. കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ എം. മുനീറാണ് പരാതി നൽകിയിരിക്കുന്നത്.
ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന വ്യവസ്ഥയുള്ളപ്പോള്‍ എല്‍ഡിഎഫ് നേതാക്കളായ 16 പേരാണ് സാമൂഹിക അകലം പോലും പാലിക്കാതെ കൂട്ടം കൂടിനിന്ന് കേക്ക് മുറിച്ച് ആഘോഷിച്ചത്. നിയമം എല്ലാവര്ക്കും തുല്യമാണെന്നിരിക്കെ ഇവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു.
കേരളത്തിന്റെ കാവൽ മുഖമന്ത്രിയായി തുടരുന്ന പിണറായി വിജയൻ, കാവൽ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ആന്റണി രാജു, ജോസ് കെ. മാണി എന്നിവരുൾപ്പെടെ 16 പേരാണ് സാമൂഹിക അകലം പാലിക്കാതെ ആഘോഷ ചടങ്ങിൽ പങ്കെടുത്തത്. സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ അപ്ലോഡ് ചെയ്ത ആഘോഷത്തിന്റെ ഫോട്ടോ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.
ആയിരക്കണക്കിന് അനുയായികൾ ഉള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന നിയമലംഘനം കൂടുതൽ ഗൗരവത്തോടു കൂടി വേണം കാണേണ്ടത്. കാരണം അവരുടെ പ്രവൃത്തികൾ സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കുകയും ഇത്തരം നിയമലംഘന പ്രവർത്തനം നടത്താൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്യും. ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണെന്നും പരാതിക്കാരൻ ഓർമ്മിപ്പിക്കുന്നു.
Discussion about this post