മലപ്പുറം: കൊവിഡ് പോസിറ്റീവായിട്ടും ടൗണിലെത്തി പച്ചക്കറിക്കട തുറന്ന വ്യപാരി പൊലീസ് പിടിയിൽ. മലപ്പുറത്താണ് സംഭവം. കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി കുന്നത്ത് അഹമ്മദ് കുട്ടിയാണ് പൊലീസ് പിടിയിലായത്. ഇയാളെ കരിപ്പൂരിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.
ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അഹമ്മദ് കുട്ടി കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കൊവിഡ് പോസിറ്റീവായിട്ടും അഹമ്മദ് കുട്ടി ജനത്തിരക്കുള്ള ടൗണില്‍ എത്തുന്നതായും കട തുറക്കാറുണ്ടെന്നുമുള്ള വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത് നാട്ടുകാര്‍ തന്നെയാണെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്.
പൊലീസ് എത്തിയപ്പോള്‍ അഹമ്മദ് കുട്ടി കടയിലുണ്ടായിരുന്നു. കൊവിഡ് പോസിറ്റീവ് ആണെന്നത് ആദ്യം നിരസിച്ചെങ്കിലും ഇയാള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയതിനും മനഃപൂര്‍വ്വം രോഗം പകര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ അഹമ്മദ് കുട്ടിക്ക് കൊവിഡ് പോസിറ്റീവായിരുന്നു.
Discussion about this post