പാലക്കാട്: സ്വർണക്കടത്ത്, ഇതര ക്വട്ടേഷൻ സംഘങ്ങളുടെ ശൃംഖലകൾ സംസ്ഥാനത്തു വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം നിലവിൽ വരുന്നു. നിലവിൽ സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗമില്ലാത്ത സാഹചര്യത്തിൽ ഭീകര വിരുദ്ധ സ്ക്വാഡ്, സംസ്ഥാന ഇന്റലിജൻസ്, ക്രൈംബ്രാഞ്ച് സ്പെഷൽ വിങ് എന്നിവ സംയുക്തമായിട്ടായിരിക്കും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുക.
നിലവിൽ കേസുകളുടെ സ്വഭാവം അനുസരിച്ചു സ്പെഷൽ ടീം ഉണ്ടാക്കുകയാണ് ചെയ്യുക. കോവിഡിനെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കുറ്റകൃത്യ സംഘങ്ങളുടെ എണ്ണം വർധിച്ചേക്കാമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം ശൃംഖലകൾ ശക്തമായി വരുന്നതായി ഇന്റലിജൻസും ഭീകരവിരുദ്ധ സേനയും ആഭ്യന്തര വകുപ്പിനു നേരത്തേ വിവരം നൽകിയിരുന്നു.
അതിന്റെ ഒരു ഭാഗം മാത്രമാണ് എയർപോർട്ടുകൾ കേന്ദ്രീകരിച്ചുളള സ്വർണക്കടത്തും അതു കൊണ്ടുപോകാനുള്ള സംഘങ്ങളും അവരിൽനിന്നു സ്വർണം തട്ടുന്ന പൊട്ടിക്കൽ ടീമുകളുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുമാത്രം ശരാശരി നാലു സംഘങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ട്. ഒാപ്പറേഷന്റെ വലുപ്പമനുസരിച്ച് ഇതിന്റെ എണ്ണം വർധിക്കുന്ന രീതിയുമുണ്ട്.
Discussion about this post