കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി അറിയിച്ചു. 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നാണ് വെല്ലുവിളി. തടയാൻ പൊലീസ് ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്നും വ്യാപാരികൾ വ്യക്തമാക്കി.
എന്നാൽ സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി. സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
അതേസമയം ധർമ്മ സമരമെന്ന പേരിൽ നാളെ മുതൽ കടകൾ തുറക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കി.
Discussion about this post