കുമളി: ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. ഈ മാസം 13 ന് തൊടുപുഴ പോക്സോ കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക.
കഴിഞ്ഞ ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവം. തൊട്ടടുത്ത ദിവസം സമീപ വാസിയായ അര്ജുന് (22) എന്ന യുവാവ് അറസ്റ്റിലായി. കൊല്ലപ്പെട്ട ബാലികയ്ക്ക് മിഠായി വാങ്ങി നല്കി പലതവണ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവം നടന്ന ദിവസം പീഡനത്തിനിടെ അബോധാവസ്ഥയിലായ കുട്ടിയെ പ്രതി ഷാളില്‍ കുരുക്കി കെട്ടി തൂക്കുകയായിരുന്നു. ഷാള്‍ കഴുത്തില്‍ മുറുകുന്നതിനിടെ കണ്ണ് തുറന്ന കുട്ടിയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി മുറിയുടെ ജനാല വഴി പുറത്തിറങ്ങി രക്ഷപ്പെട്ടു.
അന്വേഷണത്തിന്റെ ഭാഗമായി മിഠായി വാങ്ങിയ സ്ഥാപനം, സ്കൂള്‍ ഉൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുത്തു. ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തലുകളും പ്രതിയുടെ കുറ്റകൃത്യത്തിന് തെളിവായി. വണ്ടിപ്പെരിയാര്‍ ഇന്‍സ് പെക്ടര്‍ ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ജമാല്‍, എ.എസ്.ഐ.സുനില്‍, പൊലീസുകാരായ മുഹമ്മദ്ഷാ, ഷിജു എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം തയാറാക്കിയത്.
Discussion about this post