തൃശ്ശൂര്‍: യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയ യുവാവിനെ ഒന്നരക്കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്തുപറമ്പില്‍ സനൂപ് (32) ആണ് പിടിയിലായത്.
സനൂപ് മീന്‍പിടിത്തം സംബന്ധിച്ച യൂട്യൂബ് ചാനലാണ് നടത്തിയിരുന്നത്. സബ്സ്ക്രൈബേഴ്സ് ആയിവരുന്ന വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും മീന്‍പിടിത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ മണലിപ്പുഴയിലെ കൈനൂര്‍ച്ചിറ ഭാഗത്തേക്ക് വിളിച്ചുവരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് സ്ഥിരം ഉപഭോക്താക്കളാക്കും.
അഞ്ഞൂറുരൂപയുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത്. പോലൂക്കര, മൂര്‍ക്കനിക്കര പ്രദേശങ്ങളിലെ പല ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ വലയത്തിലായതായി ബോധ്യപ്പെട്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൗണ്‍സിലിങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ചികിത്സ നല്‍കുന്നതിനും നടപടിയെടുക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരിനന്ദനന് ടി.ആര്. അറിയിച്ചു.
അന്വേഷണസംഘത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് സി.യു., പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം. സജീവ്, ടി.ആര്. സുനില്‍കുമാര്‍, രാജേഷ്, രാജു, ഡ്രൈവര്‍ റഫീക്ക് എന്നിവരുണ്ടായിരുന്നു.
Discussion about this post