ഭോപാൽ: കർണാടകക്ക് പിന്നാലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇക്കാര്യം പ്രഖ്യാപിച്ചു. ഭോപാലിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ മോഹൻ യാദവും വിവിധ സർവകലാശാല വൈസ് ചാൻസലർമാരും സംബന്ധിച്ചു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് പുത്തൻ വിഹായസ്സിലേക്കുള്ള വാതായനങ്ങൾ തുറക്കുമെന്ന് ഗവർണർ മംഗുഭായ് പട്ടേൽ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും പുത്തൻ തലമുറയുടെ സമൂല വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുന്ന സുപ്രധാന സംസ്ഥാനമാണ് മധ്യപ്രദേശെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. മധ്യപ്രദേശിലെ ജനങ്ങളെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post