കാബൂള്‍: കാബൂള്‍ താലിബാന് പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്വര്ക്കിലെ മുതിര്‍ന്ന നേതാക്കള്‍ അഫ്ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച് ചര്‍ച്ച തുടങ്ങി. അഫ്ഗാനിസ്ഥാന്റെ ഭരണം തിരികെ പിടിക്കാന്‍ താലിബാനെ വളരെയധികം സഹായിച്ചവരാണ് ഹഖാനി നെറ്റ്വര്‍ക്ക്. ഹഖാനി നെറ്റ്വര്ക്കിന് താലിബാന് ഭരണത്തില്‍ വലിയ പങ്കാളിത്തമാണ് ഉണ്ടാകുക.
അന്താരാഷ്ട്ര സമൂഹത്തിന് വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന സംഘടനയാണ് ഹഖാനി. പ്രത്യേകിച്ച് ഇവര്‍ ഇന്ത്യയ്ക്ക് പണ്ടുമുതലേ തലവേദനയാണ്. പാകിസ്ഥാനുമായി നല്ല ബന്ധമുളള ഹാഖാനി നെറ്റ്വര്‍ക്ക് നിലനില്ക്കാന് പ്രധാന കാരണക്കാര്‍ പാകിസ്ഥാനിലെ ഇന്റലിജന്‍സ് നെറ്റ്വര്ക്കായ ഐഎസ്ഐയാണ്. ഇവരുമായി സഹകരിച്ച് ഹഖാനികള്‍ ഇന്ത്യയ്ക്കെതിരെ അഫ്ഗാന് മണ്ണില്‍ മുന്‍പ് ഭീകരാക്രമണം നടത്തിയിട്ടുണ്ട്.
2008ലെ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച് 58 പേരുടെ മരണത്തിനിടയായ സംഭവത്തില്‍ പ്രതിസ്ഥാനത്ത് ഹഖാനികളാണ്. 2007ല്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് 17 പേര് മരിക്കാനിടയായ ആക്രമണം നടത്തിയതും ഹഖാനി നെറ്റ്വര്‍ക്ക് കാരണമാണ്. കാര്‍ബോംബ് സ്ഫോടനങ്ങള്‍, വലിയ നാശം വിതയ്ക്കുന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇവയെല്ലാം ഇന്ത്യയ്ക്കെതിരെ ഹഖാനി നെറ്റ്വര്‍ക്ക് നടത്തിയിട്ടുണ്ട്.
അഫ്ഗാന് മണ്ണില്‍ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള് നടപ്പാക്കാന്‍ പണവും സഹായവും ആയുധവും നല്കി ഹഖാനി നെറ്റ്വര്‍ക്കിനെ പാകിസ്ഥാന് ഉപയോഗപ്പെടുത്തുകയാണ്. ഇത് ഇന്ത്യയ്ക്കും ഭീഷണി തന്നെയാണ്. ഇന്ത്യയ്ക്കെതിരെ തങ്ങള്‍ നില്‍ക്കില്ലെന്ന താലിബാന്റെ വാദമുണ്ടെങ്കിലും ഹഖാനി നെറ്റ്വര്‍ക്കിന്റെ പൂര്‍വകാല ചരിത്രം അറിയുന്ന ഇന്ത്യ ഇവരെ കരുതലോടെയാണ് കാണുന്നത്. നിലവില്‍ 6000ലധികം അംഗങ്ങളാണ് ഹഖാനികള്‍ക്കുളളത്. ഇന്ത്യ അഫ്ഗാന് മണ്ണില്‍ നിര്‍മ്മിച്ച് നല്‍കിയവയെയും ഇന്ത്യന്‍ സ്ഥാപനങ്ങളെയും നിരന്തരമായി ആക്രമിച്ചവരാണ് ഹഖാനി നെറ്റ്വര്‍ക്ക്.
ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ഇവരെക്കുറിച്ച് ഇന്ത്യ നടത്തിയ അഭിപ്രായം ഇങ്ങനെയാണ്. ഹഖാനികള്‍ വഴി ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ പോലെയുളള ഭീകര സംഘടനകള്‍ക്ക് പ്രോത്സാഹം കിട്ടാന്‍ സാദ്ധ്യതയുണ്ട്. പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ അല്‍ഖൈദ നേതാക്കളുടെ നിരന്തരമായ സാന്നിദ്ധ്യമുണ്ടായിട്ടും പാകിസ്ഥാന് സൈന്യം ഇവിടെ നടപടികള്‍ക്ക് നിരന്തരമായി വിമുഖത കാട്ടുന്നു. ഇതും ഹഖാനി നെറ്റ്വര്ക്കുമായുളള ഇവരുടെ ബന്ധം കൊണ്ടാണ്.
അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ഹഖാനി നെറ്റ്വര്‍ക്ക്. ജലാലുദ്ദീന്‍ ഹഖാനി എന്ന ഭീകരവാദി 80കളില്‍ സ്ഥാപിച്ചതാണ് സംഘടന. ഇയാളെ സഹായിച്ചിരുന്നത് സിഐഎ ആണെന്ന് ഒരു വാദമുണ്ട്. സിഐഎ ഏജന്റുമാര്‍ ഇയാള്‍ക്ക് പണവും വേണ്ടത്ര ആയുധങ്ങളും എത്തിച്ചുനല്‍കി. എന്നാല്‍ എത്ര പണം നല്‍കണം എന്നറിയിച്ചിരുന്നത് ഐഎസ്ഐയാണ്.
2018ല്‍ ജലാലുദ്ദീന്‍ മരിച്ച ശേഷം ഇയാളുടെ മകന് സിറാജുദ്ദീന് ഹഖാനിയാണ് ഹഖാനി നെറ്റ്വര്‍ക്ക് നിയന്ത്രിക്കുന്നത്. ഇയാളുടെ അനുജനായ അനസ് ഹഖാനിയും ഒപ്പമുണ്ട്. അമേരിക്ക മൂന്നരക്കോടി തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കൊടുംഭീകരനാണ് സിറാജുദ്ദീന്. പാകിസ്ഥാന്റെ വലിയ സ്വാധീനം നെറ്റ്വര്ക്കിനുളളതിനാല് ഇന്ത്യയ്ക്ക് ഇവര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
Discussion about this post