നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ 20 ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇരണിയല്‍ സാരല് സ്വദേശി അല്‍ഫോന്‍സിന്റെ മകന് അനീഷ് രാജാണ് (33) അറസ്റ്റിലായത്. ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചിരുന്ന സി.സി ടിവിയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
കന്യാകുമാരി ജില്ലയില്‍ തുടര്‍ച്ചയായി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടക്കുന്നതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിര്‍ദ്ദേശപ്രകാരം കുളച്ചല്‍ ഡി.എസ്.പി തങ്കരാമന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ ടീം എസ്.ഐമാരായ ശരവണ കുമാര്‍, ജോണ്‍ ബോസ്കോ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം സ്പെഷ്യല്‍ ടീം കുരുന്തന്‍കോട്, ആശാരിവിള എന്നിവിടങ്ങളില്‍ വാഹനപരിശോധന നടത്തുമ്പോൾ പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച പൂജാസാധനങ്ങളുമായി ബൈക്കിലെത്തിയ ആളെ പരിശോധിച്ചപ്പോഴാണ് മോഷണക്കേസില്‍ പൊലീസ് തെരയുന്ന അനീഷ് രാജാണെന്ന് മനസിലായത്. പ്രതിയെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തതില്‍നിന്ന് കന്യാകുമാരി ജില്ലയിലെ ഇരുപതോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയതായി വെളിപ്പെടുത്തുകയായിരുന്നു.
പ്രതിയുടെ വീട്ടില്‍ നിന്ന് 600 കിലോ വരുന്ന വെങ്കല സാധനങ്ങളും,16 ഗ്രാം സ്വര്‍ണാഭരണങ്ങളും, പഞ്ചലോഹ വസ്തുക്കളും പിടിച്ചെടുത്തു. ഇവയുടെ മൂല്യം 8,60,000 രൂപ വരുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്നലെ രാവിലെ ഇരണിയല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post