പഞ്ചാബ്: ഖുറാൻ കത്തിച്ചെന്ന് ആരോപിച്ച് മുന്നൂറോളം പേർ ചേർന്ന് മനോരോഗിയെ മർദ്ദിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. പാക് പഞ്ചാബ് പ്രവിശ്യയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു സംഭവം. ശനിയാഴ്ച പള്ളിയിൽ നിസ്കാരത്തിനെത്തിയവരാണ് ആക്രമണം തുടങ്ങി വെച്ചത്. ആരോ ഒരാൾ ഖുറാൻ കത്തിച്ചതായി ഇമാം അറിയിച്ചതോടെയാണ് സംഭവങ്ങൾ ആരംഭിച്ചത്.
മദ്ധ്യവയസ്കനെ ആൾക്കൂട്ടം ആക്രമിക്കുന്നതായി വിവരം ലഭിച്ചതോടെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഭ്രാന്തമായ ആവേശത്തോടെ അള്ളാഹു അക്ബർ വിളികളുമായി പാഞ്ഞടുത്ത ജനക്കൂട്ടം പൊലീസിനെയും മർദ്ദിച്ചു. തുടർന്ന് മതനിന്ദ ആരോപിക്കപ്പെട്ട മധ്യവയസ്കനെ മരത്തിൽ കെട്ടിയിട്ടും ആൾക്കൂട്ടം മർദ്ദനവും കല്ലേറും തുടർന്നു.
മർദ്ദനത്തെ തുടർന്ന് ബോധരിഹതനായ മദ്ധ്യവയസ്കനെ പൊലീസ് പണിപ്പെട്ട് മോചിപ്പിച്ചുവെങ്കിലും വൈകാതെ ഇയാൾ മരിച്ചു. പിന്നീട് കൂടുതൽ പൊലീസുകാരെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മനോരോഗം കലശലായതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും കാണാതായ വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു.
Discussion about this post