ഡൽഹി: കേരളത്തിൽ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന ലോട്ടറികൾ നിരോധിക്കപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ച വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് വകുപ്പ് കണ്ടു കെട്ടി. കൊൽക്കത്ത പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർട്ടിൻ്റെ ഫ്യൂചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി.
സിക്കിമിലും നാഗാലാൻഡിലും പ്രശസ്തമായ ഡിയർ ലോട്ടറിയുടെ പേരിൽ സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനി നടത്തിയ തട്ടിപ്പുകളുടെ പേരിലാണ് ഇഡി നടപടി എടുത്തത്. വിറ്റു പോകാത്ത ടിക്കറ്റുകൾക്ക് സമ്മാനമടിച്ചതായി തെറ്റിദ്ധരിപ്പിച്ചും മറ്റും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ പ്രധാന ആരോപണം. ജി.എസ്.ടി നിലവിൽ വരുന്നതിനും മുൻപ് 2014- 2017 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്.
2007ൽ കേരളത്തിലെ സിക്കിം ഭൂട്ടാൻ ലോട്ടറി വിൽപ്പനയുടെ മുഖ്യ കണ്ണിയായിരുന്ന സാന്റിയാഗോ മാർട്ടിൻ സിപിഎം നിയന്ത്രണത്തിലുള്ള ദേശാഭിമാനി പത്രത്തിന് രണ്ട് കോടി രൂപ സംഭാവാന നൽകിയ സംഭവം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയുടെ അന്നത്തെ ജനറൽ മാനേജർ സ്ഥാനം ഇ പി ജയരാജന് നഷ്ടമായിരുന്നു. സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട് കേരളത്തിലെ കേസുകൾ പിന്നീട് സിബിഐക്ക് കൈമാറിയിരുന്നു.
Discussion about this post