തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക്. ഒന്നാം ക്ലാസിലേക്ക് എത്തുന്നത് നാലുലക്ഷത്തോളം കുരുന്നുകളാണ്. കോവിഡ് മഹാമാരിയുടെ അതിതീവ്രത പിന്നിട്ടശേഷമുള്ള ആദ്യ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നു രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഒന്നു മുതല്‍ പ്ലസ് ടുവരെ സംസ്ഥാനത്ത് 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരുമാണു സംസ്ഥാനത്തെ സ്കൂളുകളില്‍ എത്തിച്ചേരുക.
വിദ്യാര്‍ഥികള്‍ക്കായുള്ള ഒന്നാം ഭാഗം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂളിനു മുന്നില്‍ പോലീസ് സഹായം ഉണ്ടാകും. സ്കൂളിന് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് മുന്നറിയിപ്പുകള്‍ എന്നിവ സ്ഥാപിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്കു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദേശമുണ്ട്. കൂടാതെ സ്കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തും.
Discussion about this post