തിരുവനന്തപുരം: വിദേശ മാദ്ധ്യമ ഏജൻസികളുടെ ചട്ടുകമായി കേരളത്തിലെ സംഘടനകൾ മാറരുതെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുളള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
ഒരു വിദേശ മാദ്ധ്യമ ഏജൻസിയുടെ ചട്ടുകമായി കേരളത്തിലെ യുവജനസംഘടനകളും യുഡിഎഫും ഇടതുപാർട്ടികളും മാറുന്നത് എങ്ങനെയെന്നതാണ് പ്രധാന പ്രശ്നമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് ബിജെപി നേടിയത്. എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഗുജറാത്തിലെ ജനങ്ങൾ തളളിക്കളയുന്ന ആരോപണങ്ങളാണിത്. ആ ആരോപണങ്ങൾ ഒരു വിദേശ ഏജൻസി വഴി കൊണ്ടുവരികയും അത് രാജ്യം മുഴുവൻ പ്രത്യേകിച്ച് കേരളത്തിൽ എല്ലായിടത്തും പ്രദർശിപ്പിക്കുമെന്നും പറയുന്നതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് സുധീർ പറഞ്ഞു.
സുപ്രീംകോടതി പോലും തളളിക്കളഞ്ഞ ആരോപണങ്ങളാണ്. ഡോക്യുമെന്ററിയുടെ പ്രദർശനം തടയണം. വിദേശ ഏജൻസികളുടെ ചട്ടുകമായി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കരുതെന്നും സുധീർ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുളള തീരുമാനം മതപരമായ കലാപത്തിന് ആക്കം കൂട്ടലാണ്. അത് കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം തകർക്കും. രാജ്യത്തിന് എതിരെയുളള പ്രവർത്തനമാണെന്നും സുധീർ ചൂണ്ടിക്കാട്ടി.
Discussion about this post