ബംഗലൂരു; ശിവമോഗയിൽ പുതുതായി നിർമിച്ച വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പേര് നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കുക.
അന്താരാഷ്ട്ര നിലവാരത്തിലാണ് വിമാനത്താവളത്തിലെ സൗകര്യങ്ങൾ പൂർത്തിയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേവലം 18 മാസങ്ങൾ മാത്രമെടുത്താണ് നിർമാണം പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിന്റെ പേരുമായി ബന്ധപ്പെട്ട നിർദ്ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കും. അവിടെ നിന്ന് അംഗീകാരം ലഭിച്ചതിന് ശേഷമേ അന്തിമമായി ഉത്തരവിറക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യെദിയൂരപ്പയുടെ പേര് നൽകാൻ കഴിഞ്ഞ വർഷം തന്നെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം ഇതിനോട് വിയോജിച്ച് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കുന്നതിന് പുറമേ 1000 കോടി രൂപയുടെ വികസന പദ്ധതികൾക്കും സംസ്ഥാനത്ത് പ്രധാനമന്ത്രി തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post