നാഗ്പൂർ: എല്ലാ ആശയങ്ങൾക്കും അവസരം നൽകുന്നു എന്നതാണ് ഒരു മഹത്തായ രാഷ്ട്രത്തിന്റെ ലക്ഷണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ഒരു പ്രത്യശാസ്ത്രത്തിനോ ഒരു വ്യക്തിക്കോ മാത്രമായി ഒരു രാഷ്ട്രത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ സാധിക്കില്ലെന്ന് നാഗ്പൂരിൽ രാജരത്ന പുരസ്കാര സമിതി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ മോഹൻ ഭാഗവത് പറഞ്ഞു.
സമൂഹം പ്രവർത്തിക്കുന്നത് ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സമൂഹത്തിന്റെ ഗുണങ്ങളാണ് ഒരു രാഷ്ട്രത്തിന്റെ മഹത്വത്തെ നിർണയിക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തിക്കോ ഒരു ആശയത്തിനോ മാത്രം പ്രാമുഖ്യം നൽകുന്നത് നല്ല രാജ്യങ്ങളുടെ ലക്ഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ആശയങ്ങളെയും വിശകലനം ചെയ്യുകയും നല്ലവയെ മാത്രം സ്വാംശീകരിക്കുകയും ചെയ്തിട്ടുള്ള രാജ്യങ്ങൾക്കാണ് ലോകത്തിന്റെ ഗതിയെ ശരിയായ പാതയിൽ നയിക്കാൻ സാധിച്ചിട്ടുള്ളത്. വിഭിന്ന ആശയങ്ങൾ ഉൾക്കൊണ്ടാണ് രാഷ്ട്രങ്ങളും ലോകവും വളരുന്നതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
വ്യത്യസ്ത ആശയങ്ങളെ ബഹുമാനിക്കുന്ന രാജ്യങ്ങളിലാണ് നല്ല നേതാക്കളെ കാണാൻ സാധിക്കുന്നത്. ഇത് രാഷ്ട്ര നിർമാണത്തിന്റെ പ്രധാന ഘടകമാണ്. സമാജത്തിന്റെ ഗുണവും ഐക്യവും ഇക്കാര്യത്തിൽ പ്രധാനമാണ്. രാജ്യങ്ങളുടെ അഭിവൃദ്ധിയുമായി ഇതിന് ബന്ധമില്ല.
ഏക ആശയത്തെ അടിച്ചേൽപ്പിക്കാനാണ് അധിനിവേശ ശക്തികൾ ശ്രമിച്ചത്. ഇത്തരം പ്രവണതകളെ ചെറുത്ത് തോൽപ്പിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേതെന്നും സർസംഘചാലക് പറഞ്ഞു.
Discussion about this post