കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് തയ്യാറുണ്ടോയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ചോദിച്ചു. കേവലം പങ്കില്ലെന്ന് പറഞ്ഞതു കൊണ്ടോ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പറഞ്ഞത് കൊണ്ടോ കാര്യമില്ല. സിബിഐ അന്വേഷണത്തിന് സര്‍ക്കാരില്‍ സമ്മർദ്ദം ചെയലുത്തണം.
തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്നാണ് ആകാശ് തില്ലങ്കേരി ആരോപിച്ചത്. പാര്‍ട്ടിക്ക് വേണ്ടി കുറ്റങ്ങള്‍ ചെയ്തുവെന്നാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. സിപിഎമ്മിന്റെ സമുന്നതരായ നേതാക്കളാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍.
തില്ലങ്കേരിയിലെ വിനീഷിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിനീഷന്റെ അമ്മ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി തന്നെ. ഇരിട്ടി കാവിയണിയുന്നുവെന്ന വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ആർ എസ് എസ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ നീക്കം നടത്തിയിരുന്നു. ആര്‍എസ്എസ് അനുകൂല വാട്സ് ആപ് ഗ്രൂപ്പുകളില്‍ കൊലപാതകം നടത്തിയത് ആര്‍എസ്എസുകാര്‍ തന്നെയെന്ന ചര്‍ച്ച നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടന്നതെന്ന് വ്യക്തമാണ്.
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകം നേരിട്ട് കണ്ട കുട്ടികള്‍ മാനസിക നിലതെറ്റിയാണ് ഇപ്പോഴും ജീവിക്കുന്നത്. ഇതില്‍പ്പെട്ട ഒരു കുട്ടിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഓരോ കൊലപാതകവും നടന്നത് പെട്ടെന്നുണ്ടായ പ്രകോപനത്തിലല്ലെന്നും സിപിഎം നേതൃത്വം ആകാശ് തില്ലങ്കേരിയെ പോലുള്ളവരെ ഉപയോഗിച്ച് നടത്തിയതാണെന്നും വ്യക്തമാണ്. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് സിപിഎം നേതൃത്വം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. നിരവധി കുടുംബങ്ങള്‍ അനാഥമാക്കപ്പെട്ടത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്.
ആകാശ് തില്ലങ്കേരിയുടേത് കേവലം സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളായി മാത്രം കാണാന്‍ സാധിക്കില്ല. മറിച്ച് ഇത് സിപിഎം നേതൃത്വത്തിന്റെ വികൃതമായ മുഖം സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തലും ഒരു കൊലക്കേസ് പ്രതിയുടെ ഏറ്റുപറച്ചിലുമാണ്. ഇത് കേവലം രാഷ്ട്രീയമായ പോര്‍വിളിയായി മാത്രം കാണരുത്. കൊലപാതകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കാണാമറയത്ത് നില്ക്കുന്ന ആസൂത്രകരെ പുറത്ത് കൊണ്ടുവരാന്‍ ആകാശ് തില്ലങ്കേരിയെ വിശദമായി ചോദ്യം ചെയ്താല്‍ സാധിക്കുമെന്നും ഹരിദാസ് പറഞ്ഞു.
Discussion about this post