കണ്ണൂർ: ആകാശ് തില്ലങ്കേരിയെ പിന്തുണയ്ക്കുന്ന വിഭാഗത്തിന് താക്കീതുമായി സിപിഎം നേതൃത്വം. ആകാശിനെ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവർ ഇനി പാർട്ടിയിൽ ഉണ്ടാകില്ലെന്ന് തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് നേതൃത്വം മുന്നറിയിപ്പ് നൽകി. എം.വി.ജയരാജൻ നേരിട്ട് പങ്കെടുത്ത യോഗത്തിലാണ് കർശന താക്കീത് നൽകിയത്. ആകാശും കൂട്ടാളികളുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണം ആരെങ്കിലും പുലർത്തുന്നുണ്ടെങ്കിൽ പാർട്ടി അത് നിരീക്ഷിക്കുമെന്നും കർശന നടപടി എടുക്കുമെന്നും നേതൃത്വം നേരത്തേയും പറഞ്ഞിരുന്നു.
എന്നാൽ തില്ലങ്കേരി ഭാഗത്ത് നടക്കുന്ന എല്ലാ പാർട്ടി പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ് ഇയാൾ. അടുത്തിടെ തില്ലങ്കേരിയിൽ ക്വട്ടേഷൻ മാഫിയക്കെതിരെ റഹീം പങ്കെടുത്ത പരിപാടിയിൽ അവിടെ പോയി നിന്ന് ആ പരിപാടി കണ്ട് ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത ആളാണ് ആകാശ് തില്ലങ്കേരി. അടുത്തിടെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങുന്ന ചിത്രങ്ങളും ആകാശ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇങ്ങനെ പാർട്ടിയോട് ആകാശ് ഏറ്റവും അടുത്ത് നിൽക്കുമ്പോൾ തന്നെയാണ് ശുഹൈബ് വധത്തെക്കുറിച്ച് ആകാശ് വെളിപ്പെടുത്തലുകൾ നടത്തിയത്.
ഇതോടെയാണ് ആകാശിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന് നേതൃത്വം കർശന താക്കീത് നൽകിയത്. ഇന്നലെ മട്ടന്നൂരിൽ തില്ലങ്കേരി ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ ആളുകളേയും വിളിപ്പിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ മുന്നറിയിപ്പ് നൽകിയത്. ആകാശിന്റെ പോസ്റ്റുകൾക്ക് ഒരു ലൈക്ക് പോലും അടിക്കരുതെന്നാണ് എം.വി.ജയരാജൻ അണികളോട് പറഞ്ഞിരിക്കുന്നത്. പാർട്ടി നേതൃത്വം പറയുന്ന കാര്യങ്ങൾ അതേപടി പാലിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കും. ആരെങ്കിലും ഇയാളുമായി ബന്ധപ്പെട്ടാൽ പുറത്ത് പോകേണ്ടി വരുമെന്നും നേതൃത്വം വ്യക്തമാക്കുന്നു.
Discussion about this post