കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയ്ക്ക് കോടതിയുടെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് നോട്ടീസ് നൽകിയത്. ഷുഹൈബ് വധക്കേസിൽ ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് നടപടി.
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസാണ് പബ്ലിക് പ്രോസിക്യൂട്ടർ വഴി കോടതിയെ സമീപിച്ചത്. മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ആകാശിന് കോടതി ജാമ്യം നൽകിയത്. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിയായതോടെ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടു. ഇതോടെയാണ് പോലീസ് കോടതിയെ സമീപിച്ചത്. അടുത്ത മാസം ഒന്നിന് ഹാജരാകാനാണ് നിർദ്ദേശം.
കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. ഹൈക്കോടതിയായിരുന്നു കേസിൽ ആകാശിന് ജാമ്യം നൽകിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച സാഹചര്യത്തിൽ ആകാശ് വീണ്ടും അറസ്റ്റിലാകാനാണ് സാദ്ധ്യത. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ മട്ടന്നൂർ, മുഴക്കുന്ന് എന്നീ സ്റ്റേഷനുകളിലായിരുന്നു ആകാശിനെതിരെ കേസ് എടുത്തിരുന്നത്.
Discussion about this post