തൃപ്പൂണിത്തുറ : കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവിൽ ഭീഷണി മുഴക്കിയതിന് പിന്നാലെ ലോട്ടറി ഏജൻസിക്കടയിൽ കയറി പെട്രോളൊഴിച്ച് തീയിട്ട് ഇടത് അനുഭാവി. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന രാജേഷ് എന്നയാളാണ് അക്രമം നടത്തിയത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീസ് എന്ന കടയ്ക്കാണ് ഇയാൾ തീയിട്ടത്. സംഭവത്തിൽ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് 5.40 ന് ആയിരുന്നു സംഭവം. കടയിലേക്ക് കയറി വന്ന രാജേഷ് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. തുടർന്ന് ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോയി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തീ പെട്ടെന്ന് അണയ്ക്കാൻ സാധിച്ചതിനാൽ ആളപായം ഉണ്ടായില്ല. എന്നാൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഏജൻസി പറഞ്ഞു.
മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. ഇങ്ങനെ കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്നാണ് ഇയാൾ ചോദിച്ചത്. ” മീനാക്ഷി ഏജൻസീസ് ഇന്ന് കത്തിക്കും. ഹോൾസെയിലും ഓൺലൈൻ ബിസിനസും നടത്തി കോടികളുടെ ലാഭമാണ് കട ഉണ്ടാക്കുന്നത്. ഇങ്ങനെ ഒരു കുത്തക മുതലാളിത്തം നമുക്ക് ആവശ്യമുണ്ടോ? ഇഎംഎസ് ഭരിച്ച കമ്യൂണിസം, റിയൽ കമ്യൂണിസമാണ് നമുക്ക് വേണ്ടത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്ക് ഇറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. അല്ലാതെ ജനങ്ങളുടെ പോക്കറ്റടിക്കുന്ന സഖാക്കളെയല്ല. ഒരു കുത്തക മുതലാളിത്തവും ഞാൻ ജീവിച്ചിരിക്കുന്ന കാലം നടക്കില്ല. ഇത് ടിപി ചന്ദ്രശേഖരനല്ല, രാജേസ് ടിഎസ് ആണ് ” എന്നും ഫേസ്ബുക്ക് ലൈവിൽ ഇയാൾ പറഞ്ഞിരുന്നു.
Discussion about this post