ഭോപ്പാൽ : മദ്ധ്യപ്രദേശ് സാംസ്കാരിക വകുപ്പിന്റെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്കാരം ബാലഗോകുലത്തിന് ലഭിച്ചു. ഉജ്ജയിനിൽ നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനാണ് പുരസ്കാരം നൽകിയത്. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ ബാബുരാജ് മാസ്റ്റർ, ശ്രീകുമാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കുട്ടികളുടെ മാനസിക വളർച്ചയ്ക്കായി ബാലഗോകുലം നൽകുന്നത് സമാനതകളില്ലാത്ത സംഭാവനയാണ്. ഭാരതീയ സംസ്കാരവും ധാർമ്മിക സാമൂഹിക മൂല്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുകയും, സാമൂഹിക സേവനത്തിൽ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങളെ മദ്ധ്യപ്രദേശ് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശേഖർ ശുക്ല പ്രശംസിച്ചു.
സ്വാതന്ത്ര്യസമരം, ദേശസ്നേഹം, സാമൂഹിക പ്രവർത്തനം എന്നീ ആശയങ്ങളെ ആദരപൂർവ്വം അഭിനന്ദിക്കാനും, സംഭാവനകളും പ്രത്യേക നേട്ടങ്ങളും തിരിച്ചറിയാനും ലക്ഷ്യമിടുന്നതാണ് ഈ പുരസ്കാരം. 2006 ലാണ് മദ്ധ്യപ്രദേശ് സംസ്ഥാന സർക്കാർ ഇത് ആരംഭിച്ചത്.
Discussion about this post